കൊച്ചി: പിണറായി വിജയൻ, സിനിമാ നടൻ മമ്മുട്ടി, രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് എന്നിവർ നിയന്ത്രിക്കുന്ന കൈരളി ചാനലിൽ വന്ന വാർത്ത "ആർഎസ്എസ് അജണ്ടയ്ക്ക് വൻ തിരിച്ചടി, എം.എം.ലോറൻസിൻ്റെ മൃതദേഹം വൈദ്യ പഠനത്തിനായി വിട്ടു നൽകും" എന്നാണ്. ലത്തീൻ കത്തോലിക്കാ വിഭാഗത്തിൽപ്പെട്ട സഖാവ് എം.എം.ലോറൻസ് യുക്തിവാദിയും സഭാ വിമർശകനും ഒക്കെയായിരുന്നു. എന്നാൽ ലോറൻസിൻ്റെ വിവാഹം മുതൽ കൊച്ചുമക്കളുടെ മാമ്മോദീസാകും വിവാങളും വരെ കത്തോലിക്കാ സഭാ ആചാരപ്രകാരമാണ് നടത്തിയിരുന്നത്.ഭാര്യയും കുടുംബാംഗങ്ങളും പള്ളിയിൽ പോകുന്നതും വീട്ടിൽ പ്രാർത്ഥിക്കുന്നതും ഒന്നും വിലക്കാതിരുന്ന ലോറൻസിന് കുടുംബാഗങ്ങളോടൊപ്പം കുടുംബക്കല്ലറയിൽ അന്ത്യവിശ്രമം കൊള്ളാൻ സാധിച്ചില്ല. സിപിഎം പക്ഷത്തിൻ്റെ വക്താക്കളായ രണ്ട് മക്കൾ ലോറൻസിൻ്റ മൃതദേഹം മെഡിക്കൽ കോളജിന് ദാനം ചെയ്യാൻ തീരുമാനിച്ചു. മകൾ ആശ ഇതിന് എതിരെ നിലപാട് എടുക്കുകയും പള്ളി കല്ലറയിൽ സംസ്കരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ആശയും മകനും സി പി എമ്മിൽ നിന്ന് അകലുകയും ബിജെപി യോട് ചേർന്നു നിൽക്കുകയും ചെയ്ത് വരികയായിരുന്നു. മൃതദേഹം പൊതുദർശനത്തിന് വച്ച സമയത്ത് സിപിഎം പ്രവർത്തകരുമായും മക്കൾ തമ്മിലും തർക്കവും ഉണ്ടായി.ഇതിനെ തുടർന്ന് ആശഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി തീരുമാനം മെഡിക്കൽ കോളജ് എടുക്കണമെന്ന് നിർദ്ദേശിച്ചു. ഒടുവിൽ മെഡിക്കൽ കോളജും രണ്ട് മക്കളുടെയും പാർട്ടിയുടെയും തീരുമാനത്തിനൊപ്പം നിലയുറപ്പിച്ചതോടെ ഇനി സഖാവ് എം.എം.ലോറൻസിൻ്റെ ശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനത്തിനായി ഉപയോഗിക്കാം. സെപ്റ്റംബർ 21നാണ് എം.എം.ലോറൻസ് അന്തരിച്ചത്. ഇടതു മുന്നണി കൺവീനർ, സിഐടിയു സെക്രട്ടറി, കൊച്ചിൻ പോർട് ട്രസ്റ്റ് പ്രസിഡൻ്റ് തുടങ്ങിയ നിലകളിൽ എല്ലാം പ്രവർത്തിച്ച ലോറൻസ് ഇഎം.ശങ്കരൻ നമ്പൂതിരിപ്പാടിനൊപ്പം പാർട്ടിയുടെ താത്വികാചാര്യമാരിൽ ഒരാളായും കണക്കാക്കപ്പെട്ടിരുന്നു. കടുത്ത കമ്യൂണിസ്റ്റ് പക്ഷക്കാരനായിരുന്നെങ്കിലും ഇടയ്ക്ക് ആശയപരമായ വ്യത്യാസങ്ങളെ തുടർന്ന് പാർട്ടിയിലെ ഒരു വിഭാഗം നേതൃത്വവുമായി അകൽച്ചയിലായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മെഡിക്കൽ കോളജിൻ്റെ തീരുമാനത്തിൽ ആഹ്ളാദ പ്രകടനവുമായി പാർട്ടിയുടെ പേരിൽ ഉണ്ടാക്കിയ കൈരളി ചാനൽ രംഗത്ത് വന്നത്.
CPM side wins in the dispute over the body of Comrade M.M.Lawrence. The body will be handed over to the medical college.